ഒരു ജാതി പിള്ളേരിഷ്ടാ... (2024): അനാലിസിസ്

ഒരു ജാതി പടഷ്ടാ!
മുള്ള് കൊള്ളുന്ന വേദനയെങ്കിലും അനുഭവിക്കാത്തവർക്ക് വാൾത്തല നൽകാൻ പോകുന്ന വേദനയുടെ സൂചന പോലും കിട്ടില്ല. ചന്തിയിൽ തേൾ കുത്തിക്കഴിയുമ്പോഴാണ് പലരും തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ കാണുന്നത് തന്നെ!
ആബിദ് അടിവാരത്തിൻ്റെ കഥയിൽ പ്രശാന്ത് ഈഴവൻ തിരക്കഥയും സംവിധാനവും ചെയ്ത്, രമ്യ കരുവാത്തി അവതരിപ്പിക്കുന്ന 'ഒരു ജാതി പിള്ളേരിഷ്ടാ...' എന്ന ക്രൗഡ് ഫണ്ടഡ് സിനിമ, തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്ന വാളിൻ്റെ രൂപവും സ്വഭാവവും ശക്തമായി വരച്ചു കാട്ടുന്നു. നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ ഘടനകളോടുള്ള വിമർശനവും വിയോജിപ്പും ആണ് ഈ സിനിമ. തങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നുവെന്ന് വിശ്വസിക്കുന്നവർ അനുഭവിക്കുന്ന വഞ്ചനയുടെയും അനീതിയുടെയും ബോധത്തെ ഈ സിനിമ ഉണർത്തുന്നു. സമൂഹത്തിനുള്ളിൽ ആഴത്തിൽ വേരൂന്നിയ മുൻവിധികളെ തുറന്നുകാട്ടാൻ ഈ ചിത്രം ലക്ഷ്യമിടുന്നു. എതിർ ശബ്ദങ്ങളെ "തീവ്രവാദികൾ" അല്ലെങ്കിൽ "വിഘടനവാദികൾ" എന്ന് മുദ്രകുത്തുമ്പോൾ ആ ശബ്ദങ്ങളെ പ്രതിനിധീകരിക്കാനുള്ള പ്രതിബദ്ധതയെ അടിവരയിടുന്നു.
വാണിജ്യപരമായ ഘടകങ്ങൾക്ക്, പ്രണയം, സംഗീതം, എന്നിവയ്ക്ക് സിനിമ ഊന്നൽ നൽകുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് സൂചിപ്പിക്കുന്നത്, വിശാല പ്രേക്ഷകരിലേക്ക് എത്താൻ സിനിമ അതിൻ്റെ വിമർശനത്തെ വിനോദ മൂല്യവുമായി സന്തുലിതമാക്കിയിരിക്കുന്നു എന്നാണ്.
എല്ലാത്തിനുമുപരി, സാഹചര്യങ്ങൾ നമ്മെ കഠിനമായി ബാധിക്കുന്നതുവരെ, ചുറ്റുമുള്ള ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത ആ യുവാക്കളെപ്പോലെയാണ് നമ്മളും എന്ന യാഥാർത്ഥ്യത്തിലേക്കുള്ള ഒരു ജാതി സൂചനയാണീ സിനിമിഷ്ടോ!
ചിത്രങ്ങൾ:
1. പടത്തിൻ്റെ പോസ്റ്റർ
2. സിനിമ കണ്ട പ്രേക്ഷകനെ അളന്നത്. ഗ്രാഫിലെ നിമ്നോന്നത, പടം ബോറല്ല, എൻഗേജിംഗ് ആണ് എന്ന് സൂചിപ്പിക്കുന്നു.
.png)
Comments
Post a Comment